ലോക്ക് ഡൗണിൽ മഴ പെയ്യുമ്പോൾ...
പണ്ടൊക്കെ അച്ചാച്ചൻ ഉള്ള കാലത്തു കവുങ്ങിൻ പാളകൾ കൊണ്ടൊക്കെയാണ് ഓടുകൾക്കിടയിലെ ചോർച്ചകൾ അടച്ചിരുന്നത്... ഇന്ന് കവുങ്ങിൻ പാളകൾ കിട്ടുക എന്നുള്ളതിനേക്കാൾ ബുദ്ധിമുട്ടാണ് അത് പോയെടുക്കുക എന്നുള്ളത്... അന്നൊക്കെ ആർക്കു വേണമെങ്കിലും കടന്നു പോകാനും വരുവാനുമൊക്കെയായി വേലി പോലും കെട്ടാതെ തുറന്നിട്ടിരുന്ന എല്ലാ പറമ്പുകളിലും ഇന്ന് ചുറ്റിലും മതിലുകളുയർന്നു എന്നതല്ലാതെ അന്നുള്ളതിനേക്കാൾ മോഷണം ഇന്ന് കൂടിയിരിക്കുന്നു എന്നു പറയാതെ വയ്യ... ഇന്നിപ്പോൾ അപൂർവ്വമായി മതിലുകൾ കെട്ടാതെ വച്ചിരിക്കുന്ന പറമ്പുകളിൽ കൂടി വരാനും പോകാനുമൊന്നും ആരുമില്ലാതായിരിക്കുന്നു എന്നുള്ളതും ഇവിടെ കുറിച്ചു വക്കാം... പുതിയതായി മേഞ്ഞ ഓടുകളിക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങിയാൽ അച്ചാച്ചൻ ഒരു മരക്കമ്പു കൊണ്ടോ പട്ടിക കൊണ്ടോ ആ വെള്ളം വരുന്ന ഭാഗത്ത് ഒരു കുത്തു വച്ച് കൊടുക്കും... മേഞ്ഞ ഓടുകളുടെ പൊഴികൾ ചിലതു ശരിയായി ചേരാത്തതിനാലാണ് ഇങ്ങനെ വെള്ളം വരുന്നതെന്ന് അച്ചാച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട്... എന്തായാലും അച്ചാച്ചൻ പറഞ്ഞത് ജീവനില്ലാത്ത ഓടുകൾ കേട്ടിട്ടാണോ അല്ലയോ എന്നറിയില്ല, ആ കുത്തുകളിൽ ചോർച്ചകൾ അപ്പോൾ തന്നെ നിൽക്കാറുണ്ട്... അന്നൊക്കെ മഴക്കാലത്തിനു മുൻപു തന്നെ പഴയ വീടുകൾ പൊളിച്ചു മേയുക എന്നുള്ളതൊരു പതിവായിരുന്നു... ഓടിട്ട വീടുകൾ രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോഴോ അല്ലെങ്കിൽ കാര്യമായ അറ്റകുറ്റ പണികൾ ഉള്ളപ്പോഴോ, ഓലകൾ മേഞ്ഞവ എല്ലാ വർഷവും മഴക്കാലത്തിനു മുൻപും എന്ന കണക്കിലാണ് അന്നൊക്കെ മേഞ്ഞു വന്നിരുന്നത്... കൂടുതലായൊന്നുമില്ലെങ്കിലും കുറച്ചൊക്കെ അന്നു ഓലമേഞ്ഞ വീടുകൾ തന്നെയായിരുന്നു... അച്ചാച്ചനും കൂട്ടരും തന്നെയായിരുന്നു അന്നത്തെ ഒട്ടുമിക്ക വീടുകളുടെയും മേച്ചിൽക്കാർ... പത്തുമുറിയിലെ ശിവേട്ടന്റെ അച്ഛൻ വേലായുധൻ അച്ചാച്ചനും പുത്തൻകുളത്തിനടുത്തുള്ള ഭാസ്ക്കരേട്ടനുമൊക്കെ ആ കൂട്ടരിൽ ഓർമയിലെ അച്ചാച്ചന്റെ കൂടെയുള്ളവരിൽ ചിലരാണ്... അതിൽ അച്ചാച്ചനും വേലായുധൻ അച്ചാച്ചനും ഓർമയായി കാലമേറെയായി... വീടുകൾ മേയാനുള്ള ഓലകൾ, മെടയുക എന്നൊരു സംഗതിയുണ്ട്... അതു അന്നു കൂടുതലും സ്ത്രീകളുടെ അവകാശമായിരുന്നു... ഈ പറഞ്ഞ ശിവേട്ടന്റെ 'അമ്മ പ്രേമേച്ചിയും കൂട്ടാലക്കാരുടെ അവിടെയുള്ള ദേവമ്മാമ്മയും പിന്നെ ഏറാടൻമാരുടെ അവിടത്തെ മാതമ്മാമ്മയുമൊക്കെയാണ് ആ കാര്യത്തിൽ ഓർമ്മയിലിന്നും തെളിഞ്ഞു നിൽക്കുന്നവർ... മേൽപ്പറഞ്ഞ പോലെ അതിൽ ദേവമ്മാമ്മ ഇപ്പോഴില്ല... മുൻപു പറഞ്ഞപ്പോൾ ശിവേട്ടന്റെ അച്ഛനെ അച്ചാച്ചനെന്നും അമ്മയെ പ്രേമേച്ചി എന്നും പറയുന്നത് കേൾക്കുമ്പോഴുള്ള കൗതുകം ചിലർക്കെങ്കിലും ഉണ്ടാകാമെങ്കിലും, അതിപ്പോൾ എനിക്ക് മാത്രമല്ല, മറ്റു പലർക്കും അങ്ങനെയൊക്കെ തന്നെയായിരിക്കും എന്നുള്ളതു കൊണ്ടു തന്നെ അത്തരം നന്മയുള്ള കൗതുകത്തിനൊക്കെ ഉത്തരം തേടി ഞാൻ ഇന്നോളം പോയിട്ടില്ല... അതുകൊണ്ടു തന്നെ ഇവിടെ ഇങ്ങനൊക്കെയാണെന്നേ അതിനുള്ള മറുപടി പറയാനറിയുള്ളൂ... പഴുത്തതും ഒരുപാട് ഉണക്കമാകാത്തതുമായ തെങ്ങിൻ പട്ടകൾ (നാട്ടിപ്പുറ കാര്യങ്ങളായതു കൊണ്ടു തെങ്ങോലകൾ എന്നു പറയുമ്പോൾ സാഹിത്യവൽക്കരിക്കപ്പെടുന്നു എന്നൊരു തോന്നലുള്ളത് കൊണ്ടു തൽക്കാലത്തേക്ക് തെങ്ങിൻ പട്ടകൾ തന്നെ മതി) ശേഖരിച്ചു അന്നു പാടത്തുള്ള കൊക്കരണിയിൽ കൊണ്ടിടും കുതിരുന്നതിനായി... മെടയുന്ന സമയത്തു അതിന്റെ ഈർക്കിലുകൾ ഒടിയാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങനെ ഓലകൾ വെള്ളത്തിൽ കുതിർക്കാനിടുന്നത്... ഇങ്ങനെ കുതിർന്ന ഓലകൾ തലയിൽ കയറ്റി ഉണ്ണിക്കേട്ടന്റെ പറമ്പിലൂടെ പോകുന്നത് ഇന്നും മനസ്സിലുണ്ട്... ഇപ്പോഴും ഉണ്ണിക്കേട്ടന്റെ പറമ്പിനു വലിയ മാറ്റങ്ങളൊന്നുമില്ല... പുതിയ മതിലുകളൊന്നും ഉയർന്നിട്ടുമില്ല... രാജീവേട്ടന്റെ പറമ്പെന്നു പേരിനു ചെറിയൊരു മാറ്റം സംഭവിച്ചു എന്നല്ലാതെ...
ഇങ്ങനെ ദിവസങ്ങളോളമുള്ള അദ്ധ്വാനത്തിന് ശേഷമാണ് വീടുകൾ മേഞ്ഞു തുടങ്ങുന്നതു തന്നെ... കുട്ടിക്കാലത്തു ഒരു കുട്ടിക്ക് എത്തിപ്പെടാൻ പറ്റാവുന്ന ദൂരെയുള്ള സ്ഥലങ്ങളിലൊക്കെ അന്നൊക്കെ ഞാനും അച്ചാച്ചൻ പുര മേയുന്നതു കാണാൻ പോകാറുണ്ട്... മുതിർന്നവർക്ക് എങ്ങനെയാണെന്ന് അറിയില്ലെങ്കിലും ഞങ്ങൾ കുട്ടികൾക്ക് വലിയ രസകരമായ സംഭവം തന്നെയായിരുന്നു ഈ പുര മേച്ചിലുകൾ... വലിയ കൗതുകത്തോടെയാണ് അന്നൊക്കെ അത് നോക്കി നിന്നിരുന്നത്... താഴെ നിന്നും മുകളിലേക്കാണ് വീടുകൾ മേഞ്ഞു പോകുന്നത്... ആദ്യ വരി വച്ചു കഴിഞ്ഞാൽ അതിനു മുകളിൽ അടുത്ത വരി അതിനു മുകളിൽ അടുത്തത് എന്ന കണക്കിൽ കൃത്യമായ അകലം പാലിച്ചു ഓലകൾ അങ്ങനെ ഭംഗിയായി നിരയായി കിടക്കും... ഒരു അളവുകോലുമില്ലാതെ ഒരു എഞ്ചിനീയറും ഇല്ലാതെ അന്നൊക്കെ അവരതു എത്ര ഭംഗിയായാണ് അതൊക്കെ ചെയ്തിരുന്നതെന്നു ആലോചിക്കുമ്പോൾ ഇന്നും അത്ഭുതത്തെക്കാളേറെ അഭിമാനമാണ്... ഒരുപക്ഷെ അവരോരുത്തരും അവരുടെ മേഖലയിൽ എഞ്ചിനീയർമാർ തന്നെയായിരുന്നു... താഴെ നിന്നും മുകളിലേക്ക് മേഞ്ഞു കേറും തോറും ഓലകൾ താഴെ നിന്നും കൈ എത്തിച്ചു കൊടുക്കാൻ പറ്റാതാകും... ആ സമയത്തു താഴെ നിൽക്കുന്ന ആൾ ഓലകൾ നീളനെ പിടിച്ചു മുകളിലേക്ക് എറിഞ്ഞു കൊടുക്കും... ഒരു പ്രത്യേക തരത്തിലാണ് അവരുടെ ഏറു പോലും... കാറ്റിന്റെ ദിശയറിഞ്ഞു വശങ്ങളിലേക്ക് എറിയുന്ന ഓരോ ഓലകളും കൃത്യമായി വളഞ്ഞു മുകളിലിരിക്കുന്ന ആളുടെ കൈകളിലെത്തും... ഇടക്കൊക്കെ താഴെ നിൽക്കുന്ന ആൾ വെള്ളം കുടിക്കാനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ പോകുമ്പോൾ ഇതൊക്കെ കണ്ടു വിസ്മയിച്ചു നിന്നിരുന്ന ഞാനും പോയി ഓലയെടുത്തു എറിഞ്ഞു കൊടുക്കും... പക്ഷെ അതൊന്നും ഏറി വന്നാൽ ഒരഞ്ചടിയിൽ മേലെയെത്തില്ലെന്നു ഉറപ്പുള്ളതു കൊണ്ടായിരിക്കണം അച്ചാച്ചൻ അന്നൊക്കെ ഓലയ്ക്ക് വേണ്ടി കൈ നീട്ടാതെ, വലിച്ചു കൊണ്ടിരുന്ന ബീഡിയിൽ മാത്രം ശ്രദ്ധിച്ചിരുന്നത്... ഓലകളെ പരസ്പരം ചേർത്തു നിർത്തുന്നതിനായി തെങ്ങിന്റെ പൊതുമ്പുകൾ (കൊതുമ്പുകൾ ആണോ എന്നും അറിയില്ല... ചിലതു വായിച്ചറിവില്ലാതെ പറഞ്ഞു മാത്രം ശീലിച്ച വാക്കുകൾ ആയതു കൊണ്ട് യഥാർത്ഥത്തിൽ എന്താണെന്ന് ഇന്നും അറിയില്ല) കീറി വള്ളി പോലെ ആക്കിയാണ് ഉപയോഗിച്ചിരുന്നത്... ചേർത്തു നിർത്താൻ വള്ളികളുടെ ആവശ്യം എന്നുമുള്ളതാണല്ലോ... തെങ്ങിന്റെ പൂക്കുലകൾക്ക് മുകളിലൂടെ വരുന്ന കട്ടിയുള്ള ആവരണത്തെയാണ് പൊതുമ്പുകൾ എന്ന് പറയുന്നത്... വിടർന്നു തുടങ്ങിയ പൂക്കുലകളുടെ ഇത്തരം പൊതുമ്പുകൾ ശേഖരിച്ചു വച്ചു ഇവ കൊണ്ടു വന്നു അച്ചാച്ചൻ വീടിന്റെ പുറകിലെ നനവുള്ളതോ വെള്ളം കെട്ടിക്കിടക്കുന്നതോ ആയ എവിടെയെങ്കിലോ കൊണ്ടിട്ടു വയ്ക്കും... മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം കുതിർന്ന പൊതുമ്പുകൾ പുറത്തെടുത്ത് മുനയുള്ള ഒരു കത്തി കൊണ്ടു നീളനെ ഒരു ചൂടിക്കയറിന്റെ വീതിയിൽ കീറും... ഇത് പോലെ എല്ലാ പാളകളും കീറി കെട്ടാൻ പാകത്തിൽ വള്ളിയാകുമ്പോൾ ഇവയെല്ലാം ചേർത്ത് അതിലൊരു വള്ളിയെടുത്ത് ചുറ്റിക്കെട്ടി വീണ്ടും വെള്ളത്തിൽ കൊണ്ടിടും... ഒരു പുര മേച്ചിലിന്റെ സമയമാകുന്നത് വരെ വള്ളികൾ വീണ്ടും അവിടെ കിടന്നു കൂടുതൽ കുതിരും...
ഒന്നിനു മുകളിൽ മറ്റൊരോല വച്ച് രണ്ടു ഓലകൾ വച്ചാണ് സാധാരണ വീടുകൾ മേയുന്നത്... ഒറ്റയോലകൾ വച്ച് മേഞ്ഞാലുണ്ടാകുന്ന ചോർച്ചകൾ ഒഴിവാക്കുന്നതിനും വേനൽകാലത്തുള്ള ചൂടിനെ തടയുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ രണ്ടു ഓലകൾ വച്ചു മേയുന്നത്... കല്യാണ ആവശ്യങ്ങൾക്കോ മരണാനന്തര ആവശ്യങ്ങൾക്കോ വേണ്ടി ഒറ്റയോലകൾ മതിയാകും... ഇങ്ങനെ ഒരുമിച്ചു വച്ച രണ്ടു ഓലകൾ നേരത്തെ കീറി വച്ച വള്ളികൾ കൊണ്ടു വീടിന്റെ മുകളിൽ നിരത്തിയിരിക്കുന്ന കവുങ്ങിന്റെയോ തെങ്ങിന്റേയോ വാരികളിലേക്ക് ചേർത്തു കെട്ടും... അടുത്തടുത്ത് നിരയായി വയ്ക്കുന്ന ഓലകളും വള്ളികൾ കൊണ്ടു പരസ്പരം കെട്ടും... ഒരു ഓലയ്ക്ക് രണ്ടു വള്ളികൾ എന്നതാണ് കണക്ക്... ഇഴുകി വീഴാതിരിക്കാനും കാറ്റടിച്ചാൽ പറന്നു പോകാതിരിക്കാനും വേണ്ടി ഇതിനും പുറമെ മേഞ്ഞു പൂർത്തിയായതിനു ശേഷം മുഴുവനോടെ മുറിച്ചെടുത്ത തെങ്ങോലകൾ പച്ചയോടെ മേഞ്ഞ ഓലകൾക്ക് മുകളിൽ ഇടവിട്ട് കൊണ്ടിടും... ആ മഴക്കാലം കഴിഞ്ഞു അടുത്ത മഴക്കാലം വരെ ഒരു വേനൽ വെയിലും വൃശ്ചിക കാറ്റേറ്റും പിന്നെ വരുന്ന മഞ്ഞുകാലത്തെ വരവേറ്റും അതങ്ങനെ വാടിയുണങ്ങി മാനം നോക്കി കിടക്കും... ഇങ്ങനെ എല്ലാ കാര്യങ്ങൾക്കും ഇന്നുള്ളതിനേക്കാളേറെ കൃത്യതയും ധാരണയും അന്നുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... എന്തായാലും നമ്മുടെ നാട്ടിൽ ഇന്നിപ്പോൾ ഓലവീടുകൾ ഇല്ലെന്നു തോന്നുന്നു...
വീടെങ്ങാനും ഈ മഴയിൽ വീണു പോകുമോ എന്നുള്ള ഭയം അസ്ഥാനത്തായിരുന്നെങ്കിലും, ഒരിക്കൽ മഴവെള്ളമിറങ്ങി വീടിന്റെ തെക്കു പടിഞ്ഞാറേ വശത്തുള്ള ചുവരിടിഞ്ഞു വീഴേണ്ടി വന്നു അമ്മയുടെ മനസ്സിലെ പേടിയുടെ ആഴമെന്തെന്നറിയാനും ഇത് കൊണ്ടൊക്കെയാണ് ആഗ്രഹമുണ്ടായിട്ടും അമ്മയ്ക്ക് മഴയെ ആസ്വദിക്കാൻ കഴിയാതിരുന്നത് എന്നു മനസ്സിലാക്കാനും... മഴ പെയ്തു തുടങ്ങുമ്പോഴേ ഞാൻ ഇറയത്തുള്ള തിണ്ണയിൽ നീണ്ടു നിവർന്നങ്ങനെ കിടക്കും... എന്നെ നീളത്തിൽ ഉൾക്കൊള്ളാനുള്ള വലുപ്പമൊക്കെ തിണ്ണയ്ക്കുണ്ടായിരുന്നു... കളി വഞ്ചിയുണ്ടണ്ടാക്കി കളിക്കേണ്ട പ്രായമല്ലാത്തതു കൊണ്ടും ഇനി ഇതുവരെ അങ്ങനെ ഉണ്ടാക്കി കൊടുക്കാൻ ഒരാളില്ലാത്തതു കൊണ്ടും മുറ്റത്തൂടെ ഒഴുകി വീടിന്റെ മുന്നിലൂടെ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ചാലിലേക്ക് ചെന്നു ചേരുന്ന മഴവെള്ളവും നോക്കിയങ്ങനെ ഓരോരോ ഓർമ്മകളുമായി കിടക്കുന്ന ഇതേ ശുഭ മുഹൂർത്തത്തിലായിരിക്കും അമ്മയുടെ പച്ചയോലക്കീറുമായുള്ള വരവ്... കുറച്ചു അരിശത്തോടെയാണെങ്കിലും പുറത്തു കാണിക്കാതെ പിറുപിറുത്തു കൊണ്ടു അമ്മയുടെ കൂടെ പോകുകയേ നിവൃത്തിയുള്ളൂ...
മഴ പെയ്യുന്നതും വെയിൽ പറക്കുന്നതും മഞ്ഞും വീഴുന്നതും നോക്കി നീണ്ടു നിവർന്ന തിണ്ണയുള്ള ആ വീട് ഇന്നില്ല... മറ്റൊരു മഴക്കാലത്തെ താങ്ങാനുള്ള ശേഷിയില്ലെന്നു മനസ്സിലാക്കി കൊണ്ടു തന്നെ, അറുപതോളം മഴക്കാലങ്ങൾക്കും വേനലുകൾക്കും ഞങ്ങൾക്കഭയം തന്നതിൽ ഒരിക്കൽ പോലും ഞങ്ങളെ ചതിക്കാത്ത ഞങ്ങളുടെ വീട് ഞങ്ങൾ തന്നെ പൊളിച്ചു നീക്കുകയായിരുന്നു... പുറമെ നിന്നും ഒന്നും തോന്നുമായിരുന്നില്ലെങ്കിലും ഉള്ളിൽ അമ്മയുടെ കണ്ണുകളന്നു നിറഞ്ഞിരിക്കണം... പൊളിച്ചു മാറ്റിയപ്പോൾ അവസാനത്തെ ഇഷ്ടികകൾ പൊടിഞ്ഞുണ്ടായ മണ്ണിൽ വീണ്ടും പുതുമഴ പെയ്തിറങ്ങിയപ്പോൾ അച്ചാച്ചൻ ആ മഴയും നനഞ്ഞങ്ങനെ അടുത്തു വന്നു തോളിൽ കയ്യിട്ടു നിന്നിരിക്കണം... കാലമെത്ര കഴിഞ്ഞാലും എന്തൊക്കെ ചീത്തപ്പേരുകൾ ഉണ്ടെങ്കിലും പറഞ്ഞു പറഞ്ഞു കേട്ട് മടുത്തതാണെങ്കിലും മറ്റുള്ള പലർക്കുമെന്ന പോലെ എനിക്കിന്നും ഏറെ പ്രിയമേറിയ ഓർമ്മകൾ തന്നെയാണ്...

Comments
Post a Comment