കിണറോർമ്മകൾ
ഇന്ന് ഓർമ്മകളിലേക്ക് ഒരു പാള വെള്ളം കോരി...കിണറിനു ചുറ്റും വട്ടത്തിൽ കെട്ടിപ്പൊക്കിയ അരമതിലിൽ, കോരുന്ന പാള കെട്ടിയിട്ട നീണ്ട കയർ വട്ടത്തിൽ ഭംഗിയിൽ ചുറ്റി ചുറ്റി വച്ച് കുണുങ്ങി കുണുങ്ങി, പാള കിണറ്റിൽ കുത്തിക്കുലുക്കി പഴയ നാലാം ക്ളാസ്സുക്കാരനോ അഞ്ചാം ക്ളാസ്സുക്കാരനോ ആയി മാറി കുറച്ചധിക നേരം വെള്ളം കോരി...
ഓർമ്മ വച്ച നാളു മുതൽ വീട്ടിൽ വെള്ളമുള്ളൊരു കിണർ കണ്ടതായി ഓർമയില്ല... വെള്ളമില്ലാത്തതിനെ കിണർ എന്നു വിളിക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല... എന്തായാലും അങ്ങനൊരു സാധനം എന്റെ ചെറുപ്പത്തിൽ മണ്ണിട്ട് മൂടിയത് എനിക്കിപ്പോഴും ഓർമയിലുണ്ട്...
"വൈദ്യന്റെ മക്കൾ പുഴു വച്ചു ചാകും" എന്നൊരു പഴഞ്ചൊല്ല് അർത്ഥവത്താക്കി കൊണ്ട് നാട്ടിലെ നൂറു കിണറുണ്ടെങ്കിൽ അതിൽ തൊണ്ണൂറിൽ അധികവും കുത്തിയ അച്ചാച്ചനും (അച്ഛന്റെ അച്ഛൻ) അഞ്ചു മക്കൾക്കും (എന്റെ അച്ഛനുൾപ്പെടെ) സ്വന്തം വീട്ടിൽ കുത്തിയ മൂന്നു കിണറിന്റെ കണക്കിൽ ആർക്കോ എവിടെയോ പിഴച്ചു... അല്ലെങ്കിൽ നീരിന്റെ കനിവിനു വേണ്ടിയാണെങ്കിലും മണ്ണിനെ കുത്തി വേദനിപ്പിച്ചതിലുള്ള പ്രതികാരം, അവസരം ഒത്തു വന്നപ്പോൾ തിരിച്ചങ്ങു തീർത്തു എന്നു വേണം കരുതാൻ... വെള്ളമുണ്ടാകാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന ഇനി ആകെയുള്ള സ്ഥലത്താണെങ്കിൽ നല്ലൊരു മൂത്തു നരച്ച പ്ലാവും നിൽക്കുന്നുണ്ട്... അത്യാവശ്യം വർഷത്തിൽ തരക്കേടില്ലാതെ കുറച്ചധികം ചക്ക കിട്ടുന്നത് കൊണ്ട് തൽക്കാലം പ്ലാവ് മുറിച്ചൊരു കിണറിനു വേണ്ടിയൊരു റിസ്ക് എടുക്കാൻ ഇന്നു വരെ ആരും തയ്യാറായിട്ടില്ല... "ഇപ്പൊ കുറച്ചു ചക്കയെങ്കിലും കിട്ടുന്നുണ്ട്" എന്നൊരു പഞ്ച് ഡയലോഗ് അസ്ഥാനത്താണെന്ന് അറിയാതെ, ആരും കേൾക്കേണ്ട എന്നു കരുതി ശബ്ദം താഴ്ത്തി ഒരു ആത്മഗതം പോലെ അച്ഛമ്മ (അച്ഛന്റെ അമ്മ) പറഞ്ഞത് ഇച്ചിരി ശബ്ദം കൂടിപ്പോയതു കൊണ്ടായിരിക്കണം, ഇളിഭ്യനായ അച്ചാച്ചനും മക്കളും ആ കാര്യത്തിൽ അനുസരണയോടെ തന്നെയാണ് ഇത് വരെ നീങ്ങിയത്...
മമ്മൂട്ടിയുടെ പോക്കിരിരാജ സിനിമയിൽ പറഞ്ഞ പോലെ രായൂട്ടാ, എന്തരൊക്കെ ആണെങ്കിലും കാലം കുറെയായിട്ടാ അയൽവീടുകളിലെ കിണറ്റിൽ നിന്നും വെള്ളങ്ങളെയൊക്കെ കോരാൻ തുടങ്ങീട്ട്... അതുകൊണ്ടു തന്നെ വളരെ ചെറുപ്പം മുതൽ വെള്ളം കോരുന്ന കലയിൽ പ്രാവീണ്യം നേടിയവരായിരുന്നു ഞാനും ചേട്ടനും എന്റെ ചേച്ചിയും... രണ്ടു കൈകളും വിട്ട് പാള കിണറിലേക്കിടുക, മറ്റുള്ളവരോട് സംസാരിക്കാനെന്ന വ്യാജേന തിരിഞ്ഞു നിന്ന് വലിയ സംഭവമെന്ന മട്ടിൽ കിണറ്റിലേക്കെറിഞ്ഞ പാള വെള്ളം തൊടുന്നതിനു തൊട്ടു മുൻപ് കൃത്യ സമയത്തു കയർ പിടിക്കുക, കലയിലെ ഇങ്ങനെയുള്ള വ്യത്യസ്തതയുടെ മേഖലകൾ കീഴടക്കുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ അന്നത്തെ ലക്ഷ്യം... മറ്റുള്ള വീടുകളിൽ കിണറുകൾ ഉണ്ടായിരുന്നത് കൊണ്ട് പൊതു വേദിയിൽ ഞങ്ങളോട് ഏറ്റുമുട്ടാൻ ഒരു എതിരാളി ഇല്ലാത്തതു വലിയ സങ്കടമുള്ള കാര്യമായിരുന്നു... (ഇന്നതോർക്കുമ്പോൾ എവിടെയോ നഷ്ടപ്പെട്ട ബാല്യത്തിലെ മണ്ടത്തരമോർത്ത് ആരും കാണാതെ ചിരിക്കാറുണ്ട്). കോരുന്ന ആളുകളുടെ കാര്യത്തിൽ വംശനാശം വന്നു എന്നല്ലാതെ കലയിൽ ഒരൽപം പോലും മായം ചേർക്കാതെ ആത്മാർത്ഥമായി അമ്മ ഇപ്പോഴും ആ വേഷം കെട്ടിയാടുന്നുണ്ട്... കൂലിയില്ലാതെ കെട്ടിയാടുന്ന വേഷം...
അങ്ങനെയിരിക്കെയാണ് രണ്ടു മാസം മുൻപ് എനിക്ക് ചെറിയൊരു "ലോങ്ങ് ലീവ്" ഓഫിസിൽ നിന്നും പരിഗണിച്ചു കിട്ടിയത്...എനിക്ക് മാസത്തിൽ അവസാനത്തെ പതിനഞ്ചു ദിവസം ലീവ് ആണ്... മടുപ്പുളവാക്കുന്ന ആ അവധി ദിവസങ്ങളുടെ ദൈർഘ്യം കുറക്കുന്നതിന് വേണ്ടിയാണോ എന്നറിയില്ല, രാവിലെ എഴുന്നേൽക്കുന്നത് വളരെ വൈകിയായിരിക്കും... എന്നാൽ ചിലർ വരുമ്പോൾ ചിലർ വഴി മാറും എന്നു പറയും പോലെ നവരാത്രിയുടെ വരവോടെ എന്റെ ഉറക്കം വഴി മാറി കൊടുക്കേണ്ടി വന്നു... വീട്ടിൽ തന്നെ സ്വന്തമായി അമ്പലമുള്ളതു കൊണ്ട് നവരാത്രിയുടെ ഒമ്പതു ദിവസം നേരത്തെ എണീക്കുകയും വിഗ്രഹങ്ങളെ കുളിപ്പിച്ച് കുറിതൊടീച്ചു ഒരുക്കുകയും ചെയ്യുന്നത് എന്റെ ചുമതലയായി മാറി... ഇന്നേക്ക് അത് രണ്ടു ദിവസം പിന്നിടുന്ന സമയത്താണ് അമ്മ ഒഴിഞ്ഞ കുടങ്ങളുമായി റോഡ് മുറിച്ചു കടന്ന് നേരെയുള്ള വീട്ടിൽ പോയി കിണറിൽ നിന്നും വെള്ളം കോരുന്നത് കാണാനിട വന്നത്... കാര്യം അമ്മയുടെ ഈ വെള്ളം കൊണ്ടുള്ള വരവ് ചേച്ചി വരുമ്പോൾ കുടുംബത്തിൽ വലിയ ചർച്ചക്കുള്ള വിഷയമാണെങ്കിലും ഇത് വരെ നേരിട്ട് കാണാത്തതു കൊണ്ടോ അല്ലെങ്കിൽ കണ്ടിട്ടും വലിയ ഗൗരവമായി എടുക്കാത്തത് കൊണ്ടോ എന്നറിയില്ല, എനിക്കിത്ര നാളും ഈ കാര്യത്തിൽ വലിയ സഹാനുഭൂതി ഒന്നും തോന്നിയിരുന്നില്ല... ശരിക്കും പറഞ്ഞാൽ എനിക്കിതൊന്നും കാണാനുള്ള സമയമില്ലായിരുന്നു... കാരണം ജോലിയുള്ള സമയത്തു ഭൂമിക്ക് മുൻപേ ഉണരുന്ന ഒരേ ഒരു സ്ഥാപനം ഞങ്ങളുടെ ഓഫിസ് ആയിരുന്നു എന്നാണു എന്റെ വിശ്വാസം...
ഇന്ന് അമ്മയുടെ ആ പോക്ക് എന്റെ മനസ്സിൽ എവിടെയൊക്കെയോ കുത്തി നോവിച്ചു... അതുകൊണ്ട് തന്നെ ഞാനിന്നു ആ പഴയ നാലാം ക്ലാസ്സുക്കാരനോ അഞ്ചാം ക്ളാസ്സുക്കാരനോ ആയി മാറാൻ തീരുമാനിച്ചു... കിണറ്റിൻ കരയിലേക്ക് ഞാൻ ചെല്ലുമ്പോൾ അതിശയത്തോടെ എന്നെ നോക്കിയ എന്റെ അമ്മയുടെ മുഖത്തെ ഞാൻ കുറ്റബോധം മറച്ചു പിടിക്കാനായി ഒരു പുച്ഛത്തോടെ കീഴ്‌പ്പെടുത്തി കളഞ്ഞു... കാലം മാറിയപ്പോൾ അയൽവീട്ടിലെ ഒരൊറ്റ കിണറിൽ രണ്ടു മോട്ടോർ പമ്പ് സെറ്റുകൾ കുടിയേറി പാർപ്പു തുടങ്ങിയത് ഞാൻ ഇന്നാണ് അറിഞ്ഞത്... താഴേക്ക് എറിഞ്ഞ പാള രണ്ടിന്റേയും നടുവിലൂടെ കിണറിലേക്ക് പോകുമ്പോൾ പതിവില്ലാത്ത വേഗത കണ്ടിട്ടായിരിക്കണം രണ്ടു പമ്പു സെറ്റുകളും ഒരു അന്ധാളിപ്പോടെ പരസ്പരം നോക്കി... ആ സമയത്തു രണ്ടു ന്യൂ ജെനറെഷൻ താരങ്ങളെ പുച്ഛിച്ചു നോക്കി പാള തിരികെ ഏന്തി വലിഞ്ഞു മുകളിലേക്ക് അതിന്റെ യാത്ര പാതിയും പിന്നിട്ടിരുന്നു...

Comments
Post a Comment