ലോക്ക് ഡൗണിൽ മഴ പെയ്യുമ്പോൾ... അമ്മ പച്ചയോലക്കീറുമായി ഇവിടെ വയ്ക്ക് ഇവിടെ വയ്ക്കെന്നും പറഞ്ഞു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്... ഒടിഞ്ഞ കൈകൾ ഉള്ളതാണെങ്കിലും ഇരിക്കാൻ ഉപയോഗിക്കാത്തതെങ്കിലും ബലമുള്ള കാലുകൾക്ക് നല്ല ഉറപ്പുള്ളതുമായ സാമാന്യം ഭാരമുള്ള ഒരു പഴയ മരക്കസേരയും തൂക്കി ഞാൻ പിന്നാലെ നടന്നു തുടങ്ങിയിട്ട് നേരം കുറച്ചായി...പുറത്തു മഴ അതിന്റെ സർവ്വ ശക്തിയുമെടുത്ത് പെയ്തു വീണു കൊണ്ടിരിക്കുക തന്നെയാണ്... അല്ലെങ്കിലും മഴ വന്നാൽ അമ്മക്ക് ആസ്വാദനമൊക്കെ കുറവാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... പേടിയാണ് കൂടുതൽ... ഓർമ്മ വച്ച നാളുമുതൽ എന്നുള്ള ഡയലോഗ് എനിക്ക് മാത്രമാണെങ്കിലും അതിനേക്കാളൊക്കെ ഒരുപാടു കാലത്തെ പഴക്കമുണ്ടായിരുന്നു ഞങ്ങളുടെ വീടിന്... നാലുക്കെട്ടൊന്നുമല്ലാത്തതു കൊണ്ടും സാധാരണ മണ്ണു കൊണ്ടുണ്ടാക്കിയ ഇഷ്ടികകൾ കൊണ്ടുള്ള നിർമ്മിതി ആയിരുന്നതു കൊണ്ടും പുരാവസ്തു പട്ടികയിൽ വരാനുള്ള സ്‌കോപ്പും കുറവായിരുന്നു ഞങ്ങളുടെ വീടിന്... ഏറെക്കുറെ ചിതലുകൾ തിന്നു തീർത്ത പട്ടികകൾ ഇല്ലാത്ത പലയിടങ്ങളിലും പണ്ടു മേഞ്ഞിരിക്കുന്ന ഓടുകൾ വായുവിലങ്ങനെ ഒരു മാജിക്ക്കാരന്റെ കരവിരുതോടെ നിൽക്കു...