Posts

Showing posts from 2017

ഇവിടെ മഴ പെയ്യുകയാണ്

Image
ഇവിടെ മഴ പെയ്യുകയാണ് ഇവിടെ വീണ്ടും മഴ പെയ്യുകയാണ്* മനസ്സിൽ,  ഇണയുടെ വിരഹത്തിന്റെ ചൂടുയർത്തി മണ്ണിൽ, ഇരയുടെ പ്രണയത്തിന്റെ മണമുയർത്തി പകലിൽ, ഒടുങ്ങാത്ത പരാതിയുടെ പുകിലുണർത്തി പലയിടങ്ങളിൽ, പലതും പറയാതെ ദുരിതമുണർത്തി കടലിൽ, തിരകളിൻ കനിവിനാൽ അറുതി വരുത്തി കരയിൽ, പകയുടെ കനലിന്റെ വറുതി വരുത്തി നനവിൽ, കുളിരുന്ന തളിരിന്റെ ബാല്യമൊടുക്കി നടുവിൽ,  നിറയാത്ത വയറിന്റെ വിശപ്പൊടുക്കി ഒടുവിൽ... മെയ്യുയർത്തി വെറിയുണർത്തി പുല വരുത്തി ദിനമൊടുക്കി... ഇവിടെ വീണ്ടും മഴ പെയ്യുകയാണ്....

അന്നു പെയ്ത മഴയിൽ

Image
അന്നു പെയ്ത മഴയിൽ ഇന്നലെ ഒരു മഴ സായാഹ്നമായിരുന്നു. കോരിച്ചൊരിയുന്ന ഒരു മഴ സായാഹ്നം. പഴയതു പോലെ ഇപ്പോള്‍ മഴയൊന്നും പെയ്യാറില്ലെന്ന് ഞാനോര്‍ത്തു. ഉണ്ടെങ്കില്‍ തന്നെ ഒന്നോ രണ്ടോ മഴ. അതും കാലം തെറ്റി ഇന്നലെ പെയ്തത് പോലെ...അത് കൊണ്ട് തന്നെയായിരുന്നിരിക്കണം ഇന്നലെ അത് തന്റെയൊരു ആഘോഷമാക്കി മാറ്റി തിമിര്‍ത്തു പെയ്തു വീഴുകയായിരുന്നു. ഉണർന്നപ്പോൾ അതിന്റെ കോലാഹലങ്ങളെല്ലാം എല്ലായിടത്തും കാണാനുമുണ്ടായിരുന്നു. വീടിനു ചുറ്റും ചെളി വെള്ളം തളം കെട്ടി നില്ക്കുന്നുണ്ട്. വെള്ളമില്ലാ ത്ത ഭാഗങ്ങളിലെല്ലാം ചെളി മാത്രം അറപ്പുളവാക്കുന്ന വിധത്തില്‍ പരന്നു കിടന്നു. ഒന്നുരണ്ട് വാഴകള്‍ എഴുന്നള്ളിപ്പിനോട് കൂടി ഉറഞ്ഞു തുള്ളി കലിയിറങ്ങിയ കോമരം പോലെ തളര്‍ന്നു കിടക്കുകയാണ്. നുറുമ്പിച്ചു ദ്രവിച്ച അതിന്റെ പഴയ ഊന്നുകള്‍ മാറ്റി പുതിയവ മാറ്റി വയ്ക്കുന്ന തിരക്കിലായിരുന്നു അമ്മ. ആ തിരക്കിനിടയില്‍, രണ്ടു കൈകള്‍ കൊണ്ടും പുറകിലത്തെ വാതില്‍ കട്ടിളകള്‍ രണ്ടു ഭാഗത്തേക്കും അകത്താനുള്ള വൃഥാ ഒരു ശ്രമം നടത്തി കൊണ്ട് മുറ്റത്തേക്ക്‌ ഇറങ്ങാന്‍ ഒരുങ്ങിയ എന്നെ അമ്മ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. അതെന്തായാലും നന്നായി...

ഇടവപ്പാതി

Image
ഇടവപ്പാതി ഇവിടെ ഇടതടവുകളില്ലാതെ ഇനിയുമൊരു ഇടവം വരുമായിരിക്കും...  പരാതികളില്ലാതെ പരിഭവങ്ങൾ കലരാതെ,  പടവുകൾ കയറി വന്ന് പാതിയായ് പെയ്തിറങ്ങും...  നിന്റെ ഇടതൂർന്ന ഇഴകളിലൂടെ എന്റെ ഇടതു കയ്യാൽ സ്നേഹം തരുമ്പോൾ  വലതു കയ്യിൽ എന്നുമുണ്ടാകും ഇവിടെയൊന്നു എഴുതി നിറയ്ക്കുവാൻ ഒരു മഷിപ്പേന കൂടി...  ഇവിടെ അവസാനിക്കുന്നില്ല...  ഇവിടെ തുടങ്ങുകയാണ്...